ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് അടിയിൽ അജ്ഞാതൻ; അന്വേഷണം ആരംഭിച്ചു
Tuesday, December 24, 2024 7:53 AM IST
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് അടിയിൽ അജ്ഞാതൻ കിടന്ന സംഭവത്തിൽ അന്വേഷണം. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ കണ്ണൂർ പന്നിയൻപാറ റെയിൽവേ ഗേറ്റിന് സമീപമാണ് അജ്ഞാതനായ ആൾ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് അടിയിൽ കിടന്നത്.
റെയിൽവേ ട്രാക്കിൽ കൂടി നടക്കുകയായിരുന്ന ഇയാൾ ട്രെയിൻ അടുത്തെത്തിയപ്പോൾ ട്രാക്കിൽ കിടക്കുന്നതും ഇയാളുടെ മുകളിലൂടെ ട്രെയിൻ കടന്നുപോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുള്ളത്.
ഇതിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിച്ചപ്പോഴാണ് പ്രദേശവാസികൾ ഉൾപ്പടെയുള്ള ആളുകൾ സംഭവം അറിഞ്ഞത്. ദൃശ്യങ്ങളിലുള്ളയാൾ ആരാണെന്നതിൽ വ്യക്തതയില്ല. എന്നാൽ, ഇയാൾ പ്രദേശവാസിയാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. സംഭവത്തിൽ പോലീസും റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചു.