എൻഎസ്എസ് ക്യാമ്പിൽ നിന്ന് വിദ്യാർഥിയെ സിപിഎം സമ്മേളനത്തിന് കൊണ്ടുപോയി; പരാതിയുമായി പിതാവ്
Monday, December 23, 2024 11:57 PM IST
തിരുവനന്തപുരം: എൻഎസ്എസ് ക്യാമ്പിലുണ്ടായിരുന്ന വിദ്യാർഥിയെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളന്റിയർ മാർച്ചിനായി കൊണ്ടുപോയതായി പരാതി. ഏണിക്കര സ്വദേശി ഹരികുമാറിന്റെ മകനെയാണ് ക്യാമ്പിൽ നിന്നും രക്ഷിതാക്കളുടെ അനുമതിയില്ലാതെ കൊണ്ടുപോയത്.
സംഭവത്തില്‍ ഹരികുമാർ പേരൂർക്കട പോലീസിൽ പരാതി നൽകി. മകനെ കാണാനായി ക്യാമ്പിൽ അച്ഛനെത്തിയപ്പോഴാണ് പ്രാദേശിക സിപിഎം പ്രവർത്തകർ കുട്ടിയെ കൊണ്ടുപോയ കാര്യമറിയുന്നത്. ക്യാമ്പിലുള്ള കുട്ടിയെ കൊണ്ടുപോകാൻ അനുമതി ചോദിച്ചുവെങ്കിലും അച്ഛൻ നൽകിയിരുന്നില്ല.
പിന്നീട് സിപിഎം നേതാക്കൾ കുട്ടിയെ കൊണ്ടു പോകുകയായിരുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തിട്ടില്ല. നാളെ വിശദാശങ്ങള്‍ അന്വേഷിച്ച ശേഷമേ കേസെടുക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.