വനനിയമ ഭേദഗതി; കേരളാ കോൺഗ്രസ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു
Monday, December 23, 2024 8:10 PM IST
തിരുവനന്തപുരം: വനനിയമ ഭേദഗതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് -എം നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേരളാ കോണ്‍ഗ്രസ് -എം ഉന്നയിച്ച ആവശ്യങ്ങളും ആശങ്കകളും ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു.
ഭേദഗതിയിലെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം എന്ന പുതിയ വ്യവസ്ഥയാണ് ഏറ്റവും ഗുരുതരം. ഇത് അധികാര ദുരുപയോഗത്തിന് വഴി വെക്കും. റിസർവ് ഫോറസ്റ്റ് അല്ലാത്ത മേഖലയിൽ കൂടി നിയമം വ്യാപിപ്പിക്കുന്നത് പ്രശ്നം ഉണ്ടാക്കും. മാങ്കുളം പോലെ തർക്കം നിലനിൽക്കുന്ന പ്രദേശങ്ങൾ ഉണ്ട്. ഇവിടെ നിയമം നടപ്പാക്കുന്നത് ജനവിരുദ്ധമാണ്.
സർക്കാർ കൊണ്ടുവരുന്ന നിയമത്തിൽ മാറ്റം ഉണ്ടാക്കാനുള്ള ഇടപെടൽ ഉണ്ടാകും. ഈ വിഷയം ചർച്ച ചെയ്യാൻ കാരണമായത് കേരള കോൺഗ്രസിന്റെ നിലപാടാണ്. വന്യമൃഗത്തെ വനത്തിനുള്ളിൽ നിർത്തുക എന്നതാണ് വനം വകുപ്പിന്റെ ചുമതല. കർഷകന്റെ ഭൂമിയിലേക്ക് മൃഗങ്ങൾ ഇറങ്ങി വന്നാൽ എന്ത് ചെയ്യും.
കർഷകരുടെ ഭൂമിക്ക് സംരക്ഷണം നൽകണമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായുള്ള കൂടീക്കാഴ്ച നാല്‍പ്പത്തഞ്ച് മിനിറ്റോളം നീണ്ടു. ജോസ് കെ.മാണി എംപിക്കൊപ്പം ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, മുൻ എംഎൽഎ സ്റ്റീഫന്‍ ജോര്‍ജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.