ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ചു; പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം
Monday, December 23, 2024 7:14 PM IST
തൃശൂർ: ലോറിക്കു പിന്നിൽ സ്കൂട്ടറിടിച്ച് പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ പടിഞ്ഞാറെ ടിപ്പുസുൽത്താൻ റോഡിലുണ്ടായ അപകടത്തിൽ കയ്പമംഗലം കുറ്റിക്കാട്ട് സ്വദേശി മേനാലി അൻസറിന്റെ മകൻ അഫ്നാൻ റോഷൻ (16) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുണ്ടായ അപകടത്തിൽ സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൾ നസ്മലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായ ഉടനെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഫ്നാന്റെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പെരിഞ്ഞനം ആർ.എം.ഹൈസ്കൂളിലെ വിദ്യാർഥിയാണ് അഫ്നാൻ റോഷൻ.