പണം നൽകിയത് അഴിമതി മറയ്ക്കാൻ; സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ
Monday, December 23, 2024 6:00 PM IST
ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ നിർണായക വെളിപ്പെടുത്തലുമായി എസ്എഫ്ഐഒ. സിഎംആർഎൽ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കും പണം നൽകിയത് അഴിമതി മറയ്ക്കാനാണെന്ന് എസ്എഫ്ഐഒ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് എസ്എഫ്ഐഒ കോടതിയിൽ ഗുരുതരമായ ആരോപണമുന്നയിച്ചത്. ഇരുവിഭാഗങ്ങളോടും തങ്ങളുടെ വാദങ്ങള്‍ ഒരാഴ്ചയ്ക്കകം എഴുതി നല്കാന് കോടതി നിർദേശം നൽകി.
തുടർന്ന് ഹര്‍ജി വിധി പറയാനായി മാറ്റി. സിഎംആർഎല്ലിന്റെ ഹർജി നിലനിൽക്കില്ലെന്നും എസ്എഫ്ഐഒ ചൂണ്ടിക്കാട്ടി. എസ്എഫ്ഐഒ അന്വേഷണത്തെ ന്യായീകരിച്ച് ആദായ നികുതി വകുപ്പും രംഗത്തെത്തി. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് അന്തിമമല്ല. രേഖകൾ കൈമാറാൻ ഐടി വകുപ്പിന് അധികാരമുണ്ട്.
ഇതിനെ കുറിച്ച് കൃത്യമായി നിയമങ്ങൾ ഉണ്ടെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു. സെറ്റില്‍മെന്റ് കമ്മീഷന് ഉത്തരവുകള്‍ക്കു ശേഷവും അന്വേഷണമാകാം. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയാലും അന്വേഷിക്കാന്‍ അധികാരമുണ്ടെന്ന് എസ്എഫ്ഐഒ കോടതിയിൽ ചൂണ്ടിക്കാട്ടി.