മെമുവിനെ സ്വീകരിക്കാൻ കൊടിക്കുന്നിലും സംഘവും കാത്തുനിന്നു, നിർത്താതെ ട്രെയിൻ കടന്നു പോയി
Monday, December 23, 2024 1:46 PM IST
കൊല്ലം: സ്റ്റോപ്പ് അനുവദിച്ചിട്ടും കൊല്ലം - എറണാകുളം മെമു ഇന്ന് ചെറിയനാട് സ്റ്റേഷനിൽ നിർത്തിയില്ല. ട്രെയിനിനെ സ്വീകരിക്കാൻ ഇന്ന് രാവിലെ സ്റ്റേഷനിൽ എത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയും സംഘവും നൂറുകണക്കിന് യാത്രക്കാരും ഇതുകാരണം നിരാശരായി.
ഇന്നു മുതൽ ട്രെയിനിന് ഇവിടെ സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി കൊടിക്കുന്നിൽ സുരേഷ് എംപിയെ അറിയിച്ചിരുന്നു. പിന്നീട് എംപിയും ഇക്കാര്യം സ്ഥിരീകരിച്ച് വാർത്താക്കുറിപ്പും നൽകി.
ഇതനുസരിച്ചാണ് എംപിയുടെ നേതൃത്വത്തിൽ ട്രെയിനിന് സ്വീകരണം നൽകാൻ തീരുമാനിച്ചത്. മാത്രമല്ല സ്റ്റേഷനിൽ നിന്ന് ഇന്ന് മേമു ട്രെയിനിന് ടിക്കറ്റും നൽകുകയുണ്ടായി. വണ്ടി നിർത്താതെ പോയത് സംബന്ധിച്ച് എംപി ഉടൻ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.
ലോക്കോ പൈലറ്റിനും ഗാർഡിനും പുതിയ സ്റ്റോപ്പ് സംബന്ധിച്ച് ധാരണ ഇല്ലാതെ പോയതാണ് വണ്ടി നിർത്താത്തതിന് കാരണം. ഇരുവരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണം തേടിയിട്ടുണ്ട്. തിരികെയുള്ള സർവീസ് മുതൽ വണ്ടി ചെറിയനാട് നിർത്തുമെന്നും അധികൃതർ ഉറപ്പ് നൽകി.