ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു
Monday, December 23, 2024 9:07 AM IST
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ റോഡരുകിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ 12.30തോടെ വാഗോളിയിലാണ് അപകടമുണ്ടായത്. വൈഭവി പവാർ (1), വൈഭവ് പവാർ (2), വിശാൽ പവാർ (22) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സസൂണ്‍ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡരുകിൽ ധാരാളം ആളുകൾ ഉറങ്ങുന്നുണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും തൊഴിലാളികളാണ്. ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാൾ മദ്യലഹരിയിലായിരുന്നോ എന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.