തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Monday, December 23, 2024 7:04 AM IST
തിരുവനന്തപുരം: ആന്റണി രാജു എംഎൽഎയ്ക്ക് എതിരായ തൊണ്ടിമുതൽ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം എംഎൽഎ, എംപി എന്നിവർക്കുള്ള കോടതിയിലേയ്ക്ക് കേസ് മാറ്റണമെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ അവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ഇന്ന് കോടതിയിൽ സമർപ്പിക്കും.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാൻ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്. ഇത് വ്യാജ തൊണ്ടിയാണെന്നുള്ള വാദം കണക്കിലെടുത്ത കോടതി വിദേശിയെ വെറുതെവിട്ടിരുന്നു.
എന്നാൽ 1994-ല്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.കേസിൽ കുറ്റപത്രം നൽകാൻ 12 വർഷമെടുത്തു. ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് കേസ് വീണ്ടും കോടതിയിലെത്തിയത്.
കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ഗൂഢാലോചന, രേഖകളില്‍ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.