പിറന്നാൾ സമ്മാനമായി മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല; കൗമാരക്കാരൻ ജീവനൊടുക്കി
Monday, December 23, 2024 12:34 AM IST
മുംബൈ: മഹാരാഷ്ട്രയിൽ പിറന്നാൾ ദിനത്തിൽ അമ്മ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിൽ മനംനൊന്ത് 15കാരൻ ജീവനൊടുക്കി. സാംഗ്ലി ജില്ലയിലെ മിറാജ് നഗരത്തിലാണ് സംഭവം.
വിശ്വജീത് രമേഷ് ചംദൻവാലെ എന്ന കുട്ടി വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. അമ്മയും സഹോദരിയും ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടി ജീവനൊടുക്കിയത്.
രണ്ട് ദിവസം മുമ്പാണ് വിശ്വജീത് പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ സമ്മാനമായി അമ്മയോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അമ്മ അപേക്ഷ നിരസിച്ചു.
അടുത്ത ദിവസമാണ് കുട്ടിയെ വീട്ടുകാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.