വയനാട് പുനരധിവാസം; ടൗൺ ഷിപ്പിലുണ്ടാകുക 1000 സ്ക്വയർഫീറ്റ് വീടുകൾ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം
Sunday, December 22, 2024 6:26 PM IST
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് വീടുകൾ വാഗ്ദാനംചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. സ്ഥലം ഏറ്റെടുപ്പ് നടപടി വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനമായി.
ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ചീഫ് സെക്രട്ടറി അവതരിപ്പിച്ച കരട് മന്ത്രിസഭ ചർച്ചചെയ്തു. 1000 സ്ക്വയർഫീറ്റ് ഒറ്റ നില വീടുകളായിരിക്കും ടൗൺ ഷിപ്പിലുണ്ടാകുക. കിഫ്ബി ആണ് വീട് നിർമാണത്തിനുള്ള പ്ലാൻ തയാറാക്കിയത്.
അതേസമയം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയാറാക്കിയ പട്ടികയെ ചൊല്ലി വിവാദം ഉയരുന്നതിനിടെ പ്രതികരണവുമായി റവന്യു മന്ത്രി കെ. രാജൻ രംഗത്തെത്തി. നിലവിൽ പുറത്തിറക്കിയത് കരടു പട്ടിക മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.
15 ദിവസത്തിനകം ആക്ഷേപങ്ങൾ അറിയിക്കാം. കരടിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൂർണമായി കേൾക്കും. ദുരന്തത്തിൽപ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.