കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതി മരിച്ചു
Sunday, December 22, 2024 12:34 PM IST
കൊല്ലം: പുത്തൻതുരുത്തിൽ വള്ളം മറിഞ്ഞ് യുവതി മരിച്ചു. പുത്തൻതുരുത്ത് സ്വദേശിനി സന്ധ്യയാണ് മരിച്ചത്. മകനൊപ്പം കുടുവെള്ളം ശേഖരിക്കാൻ വള്ളത്തിൽ പോയപ്പോഴാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെയാണ് സന്ധ്യയും മകനും മത്സ്യബന്ധനത്തിന് ശേഷം കുടിവെള്ളമെടുക്കാനായി തൊട്ടടുള്ള ഐസ് പ്ലാന്റിലേക്ക് പോയത്. വെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടയിലാണ് വള്ളം മറിയുന്നത്.
സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ വന്നാണ് വള്ളത്തിന്റെ അടിയിൽ നിന്ന് സന്ധ്യയെ പൊക്കിയെടുത്ത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ധ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴിഞ്ഞ രണ്ടാഴ്ചയായി കുടിവെള്ളം കിട്ടാത്തതിനെ തുടർന്ന് തുരുത്ത് നിവാസികൾ ചെറുവള്ളങ്ങളിൽ മറുകരകളിൽ എത്തിയാണ് വെള്ളം ശേഖരിക്കുന്നത്. ചവറ പാലത്തിനടുത്തുള്ള പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്നാണ് തുരുത്തിലേക്കുള്ള ജലവിതരണം നിലച്ചത്.