കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല; വെള്ളാപ്പള്ളി മറുപടി പറഞ്ഞത് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കെന്ന് ചെന്നിത്തല
Sunday, December 22, 2024 10:56 AM IST
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രി പരാമർശത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല, ചർച്ച നടക്കുന്നത് മാധ്യമങ്ങളിൽ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുക മാത്രമാണ് വെള്ളാപ്പള്ളി ചെയ്തത്. ആരാണ് മുഖ്യമന്ത്രി ആകേണ്ടതെന്ന് സംബന്ധിച്ച് സാമുദായിക സംഘടനകൾക്കും അഭിപ്രായം പറയാമെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാ സാമുദായിക സംഘടനകളുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. മന്നംജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനം ഉണ്ട്. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ട്ടമാണ്.
കെപിസിസി പുനഃസംഘടന സംബന്ധിച്ച ഒരു ചർച്ചയും നടന്നിട്ടില്ല. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്തണം. 2026 ൽ അധികാരത്തിൽ എത്തുക എന്നതാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.