വയനാട് പുനരധിവാസം; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്
Sunday, December 22, 2024 4:58 AM IST
തിരുവനന്തപുരം: വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് വൈകുന്നേരം മൂന്നിന് ഓൺലൈനായി ചേരും. ടൗൺഷിപ്പ് നിർമാണം എങ്ങനെ വേണം എന്നതിലും ആരെ ഏൽപ്പിക്കുമെന്നതിലും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും.
വീടുകൾ നിർമിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും. ചർച്ചകൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വീട് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ നെടുമ്പാല എസ്റ്റേറ്റിന്റെയും എൽസ്റ്റോൺ എസ്റ്റേറ്റിന്റെയും ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിലെ നിയമപരിഹാരം കണ്ടെത്തലിലും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. അതേസമയം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയാറാക്കിയ പട്ടികയെ ചൊല്ലി വിവാദം ഉയരുന്നതിനിടെ പ്രതികരണവുമായി റവന്യൂ മന്ത്രി കെ. രാജൻ രംഗത്തെത്തി.
നിലവിൽ പുറത്തിറക്കിയത് കരടു പട്ടിക മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.15 ദിവസത്തിനകം ആക്ഷേപങ്ങൾ അറിയിക്കാം. കരടിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൂർണമായി കേൾക്കും. ദുരന്തത്തിൽപ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.