ജസ്റ്റീസ് ദേവൻ രാമചന്ദ്രന് എതിരെ സൈബർ ആക്രമണം; പോലീസ് കേസ് എടുത്തു
Sunday, December 22, 2024 12:11 AM IST
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രന് എതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ പോലീസ് കേസ് എടുത്തു. കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അസിസ്റ്റന്റ് കമ്മീഷണർ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു.
തുടർന്ന് ഹൈക്കോടതി നിർദേശം നടപ്പിലാക്കുവാൻ അധികൃതർ നടപടി സ്വീകരിച്ചിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ ജഡ്ജിക്ക് എതിരെ അധിക്ഷേപ പരാമർശവുമായി ചിലർ രംഗത്ത് വന്നിരുന്നു.