നാളെ പ്രത്യേക മന്ത്രിസഭാ യോഗം; വയനാട് പുനരധിവാസം ചർച്ചയാകും
Saturday, December 21, 2024 10:26 PM IST
തിരുവനന്തപുരം: വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമാണത്തിലും അന്തിമ തീരുമാനം നാളെയുണ്ടാകും.
വൈകിട്ട് മൂന്നിന് ഓൺലൈനായാണ് യോഗം ചേരുക. ടൗൺഷിപ്പ് നിർമാണം എങ്ങനെ വേണമെന്നത് അടക്കം നാളെ മന്ത്രിസഭ ചർച്ചചെയ്തേക്കും.
അതേസമയം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയാറാക്കിയ പട്ടികയെ ചൊല്ലി വിവാദം ഉയരുന്നതിനിടെ പ്രതികരണവുമായി റവന്യു മന്ത്രി കെ. രാജൻ രംഗത്തെത്തി. നിലവിൽ പുറത്തിറക്കിയത് കരടു പട്ടിക മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.
15 ദിവസത്തിനകം ആക്ഷേപങ്ങൾ അറിയിക്കാം. കരടിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൂർണമായി കേൾക്കും. ദുരന്തത്തിൽപ്പെട്ട ഒരാളെ പോലും ഒഴിവാക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.
അടുത്തയാഴ്ച തന്നെ രണ്ടാംഘട്ടത്തിന്റെ മാർക്ക് ചെയ്യൽ നടക്കും. അതിവേഗത്തിൽ കാര്യങ്ങൾ നടപ്പാക്കും. കരട് ലിസ്റ്റിൽ പേരുകൾ ആവർത്തിക്കുന്നത് സ്വാഭാവികമായ കാര്യമാണ്.
എല്ലാവരെയും ഉൾപ്പെടുത്തലാണ് സർക്കാരിന്റെ ലക്ഷ്യം. ആർക്കും ആശങ്ക വേണ്ട. അർഹത മാത്രമേ മാനദണ്ഡമാകുകയുള്ളൂ. രണ്ടു ഘട്ടത്തിലാണ് പട്ടിക നടപ്പാക്കുന്നത്.
ഒന്നാംഘട്ടവും രണ്ടാംഘട്ടവും രണ്ട് കാറ്റഗറിയാണ്. ഒന്ന് ദുരന്തത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ടവർ. രണ്ട് വീട് നഷ്ടപ്പെട്ടില്ലെങ്കിലും ദുരന്തം ഉണ്ടായതുകൊണ്ട് അങ്ങോട്ട് പോകാൻ കഴിയാത്തവർ. പഞ്ചായത്തിന്റെയും റവന്യൂവിന്റെയും പട്ടിക ചേർത്താണ് കരടു പട്ടിക പുറത്തിറക്കിയതെന്നും അദ്ദേഹം അറിയിച്ചു.