അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
Saturday, December 21, 2024 4:53 PM IST
എലത്തൂർ: അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി. കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന കൃതിക ബസിനെതിരേയാണ് നടപടി.
ഡ്രൈവർ കണ്ണൂർ ചൊവ്വ സ്വദേശി കരുവത്ത് മൃതുൻ (24) നെതിരേ പോലീസ് കേസെടുത്തു. വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിൽ എത്തിയ ബസിന് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു.
പിന്നീട് പോലീസ് ബസിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബസിൽ എയർഹോൺ ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തി. നിയമലംഘനം നടത്തിയതിന് പോലീസ് പതിനായിരം രൂപ പിഴയും ഈടാക്കി.