ആറു വയസുകാരിയുടെ കൊലപാതകം; പിന്നിൽ ദുർമന്ത്രവാദമോ ?
Friday, December 20, 2024 9:58 PM IST
കോതമംഗലം: നെല്ലിക്കുഴിയില്‍ ഉത്തർപ്രദേശ് സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ മകൾ കൊല്ലപ്പെട്ടതിന് പിന്നിൽ ദുർമന്ത്രവാദവുമായി ബന്ധമുള്ളതായി പോലീസിന് സംശയം. കേസിൽ കുട്ടിയുടെ രണ്ടാനമ്മയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നെല്ലിക്കുഴി സ്വദേശിയായ ദുർമന്തർവാദി പോലീസ് നിരീക്ഷണത്തിലാണ്. കുട്ടിയുടെ പിതാവിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പോലീസിന്റെ ഇതുവരെയുള്ള ചേദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്.
നെല്ലിക്കുഴി കുറ്റിലഞ്ഞിക്ക് സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന യുപി സ്വദേശി അജാസ്ഖാന്റെ (33) ആദ്യ ഭാര്യയിലെ മകള്‍ മുസ്ക്കാന്‍ (6) ആണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം സമീപവാസികള്‍ അറിഞ്ഞത്.
അജാസും രണ്ടാം ഭാര്യ അനീഷയും (23) ഒരു മുറിയിലും രണ്ടാം ഭാര്യയുടെ മകള്‍ രണ്ട് വയസുള്ള കുഞ്ഞും മുസ്കാനും മറ്റൊരു മുറിയിലുമാണ് രാത്രി ഉറങ്ങാന്‍ കിടന്നതെന്നാണ് അജാസ് സമീപവാസികളോട് പറഞ്ഞത്. കുഞ്ഞ് വിളിച്ചിട്ട് അനക്കമില്ലെന്ന് പറഞ്ഞ് അജാസ് കുട്ടിയെ തോളിലിട്ട് തൊട്ടടുത്ത വീട്ടുകാരെ കാണിക്കുകയായിരുന്നു.
കുട്ടി വിറങ്ങലിച്ചിരിക്കുന്നത് കണ്ട അയല്‍ക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. അജാസിന്റെ ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇരുവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് വേളയില്‍ കുട്ടിയുടെ മുഖത്തെ ക്ഷതമേറ്റ പാടാണ് പോലീസിന്റെ സംശയം ബലപ്പെടുത്തിയത്.
തുടര്‍ന്ന് മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാവിനേയും മറ്റ് ബന്ധുക്കളെയും വിവരം അറിയിച്ചിട്ടുണ്ട്.
30 വര്‍ഷം മുമ്പാണ് അജാസിന്റെ കുടുംബം നെല്ലിക്കുഴിയില്‍ എത്തിയത്. ഏഴ് വര്‍ഷം മുമ്പാണ് പുതുപ്പാലത്ത് സ്വന്തമായി സ്ഥലം വാങ്ങി വീടു പണിതത്. രണ്ട് വര്‍ഷം മുമ്പ് ആദ്യ ഭാര്യ പിണങ്ങിപ്പോയതിനെത്തുടര്‍ന്ന് അജാസ് ഉത്തർപ്രദേശിലേക്ക് മടങ്ങിപ്പോയിരുന്നു. അഞ്ച് മാസം മുമ്പാണ് രണ്ടാം ഭാര്യ അനീഷയും, അനീഷയുടെ രണ്ടരവയസുള്ള കുഞ്ഞുമായി തിരിച്ച് പുതുപ്പാലത്ത് എത്തിയത്.
ഇന്നലെ രാത്രിയോടെ റൂറല്‍ എസ്പി ഡോ. വൈഭവ് സക്സേന കോതമംഗലത്തെത്തി. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു, കോതമംഗലം സിഐ പി.ടി.ബിജോയി എന്നിവര്‍ എസ്പിക്ക് ഒപ്പം ചേര്‍ന്ന് രാത്രി വൈകി നടത്തിയ ചേദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഉറങ്ങിക്കിടന്ന കുട്ടിയുടെ വായും മൂക്കും കൈക്ക് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് മൊഴി നൽകിയിട്ടുള്ളത്.
ഈ സമയം കുട്ടിയുടെ പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. ഫർണിച്ചർ തൊഴിലാളിയായ കുട്ടിയുടെ പിതാവ് അജാസ്ഖാൻ പണികഴിഞ്ഞ് പുലർച്ചെ 1.30 ഓടെയാണ് വീട്ടിലെത്തിയത്. പ്രതി അനീഷയ്ക്ക് നെല്ലിക്കുഴി സ്വദേശി ദുർമന്തർവാദിയുമായി ബന്ധമുള്ളതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഇയാൾ പ്രതിയുടെ വീട്ടിലെ സന്ദർശകനും, ഫോൺ വഴി നിരന്തരം ബന്ധം പുലർത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്. പ്രതി അനീഷയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പുകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.