അമ്മയുടെ മൃതദേഹം കുഴിച്ചിട്ട മകനെ വിട്ടയച്ചു; വിശദ അന്വേഷണത്തിന് പോലീസ്
Friday, December 20, 2024 9:57 PM IST
കൊച്ചി: എറണാകുളം വെണ്ണലില്‍ മദ്യലഹരിയില്‍ മകന് വയോധികയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പോലീസ്. മരിച്ച അല്ലി(78)യുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയത്തക്ക കാരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും മദ്യലഹരിയിലായിരുന്ന മകന് പ്രദീപ് നല്കിയ മൊഴികള്‍ ഉറപ്പിക്കുന്നതിനു കൂടിയാണ് പോലീസിന്റെ അന്വേഷണം.
അമ്മ മരിച്ചെന്ന് അയാല്ക്കാരെ അറിയിച്ചിരുന്നതായി മൊഴി നല്കിയ പ്രദീപ് ഇവരോട് സഹായവും തേടിയിരുന്നതായി പറഞ്ഞിരുന്നു. ഈ കാര്യങ്ങളിലടക്കം പോലീസ് സ്ഥിരീകരണം നടത്തും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികത കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത പ്രദീപിനെ വ്യാഴാഴ്ച രാത്രി വൈകി വിട്ടയച്ചിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രദീപ് പോലീസിനോടും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാവിലെയോടെയാണ് വെണ്ണല സെന്റ് മാത്യൂസ് പള്ളിക്ക് സമീപത്തെ വീടിന് മുന്നില്‍ അല്ലിയുടെ മൃതദേഹം പ്രദീപ് കുഴിച്ചിട്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം വ്യാഴാഴ്ച വൈകിട്ടോടെ സംസ്കരിച്ചു. സ്ഥിരം മദ്യപാനിയായിരുന്ന പ്രദീപ് വീട്ടില്‍ ബഹളം വയ്ക്കുന്നത് പതിവായിരുന്നു. ഇതാണ് മരണവിവരം അറിയിച്ചിട്ടും നാട്ടുകാര്‍ പോകാന്‍ മടിച്ചതെന്നാണ് പോലീസ് പറയുന്നത്.