വയനാട് ടൗൺഷിപ്പ്; കരട് പട്ടിക പ്രസിദ്ധീകരിച്ചു
Friday, December 20, 2024 9:45 PM IST
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പട്ടികയില്‍ മുണ്ടക്കൈ, അട്ടമല, ചൂരൽമല വാർഡുകളിലെ 338 കുടുംബങ്ങള്‍ ഉൾപ്പെട്ടു.
ഇതിൽ 17 കുടുംബങ്ങളിൽ ആരും ജീവിച്ചിരിപ്പില്ല. അതിനാൽ 371 കുടുംബങ്ങളാകും ഗുണഭോക്താക്കളാകുക. പട്ടികയിൽ പരാതിയുണ്ടെങ്കിൽ ജനുവരി 10 നുള്ളിൽ അറിയിക്കാൻ വയനാട് കളക്ടറേറ്റ് നിർദ്ദേശിച്ചു.
വീട് ഒലിച്ചു പോയവർ, പൂർണമായും തകർന്നവർ, ഭാഗികമായി തകർന്നവർ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തിൽ പുനരധിവസിപ്പിക്കുക. ടൗണ്‍ഷിപ്പിനായി രണ്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കകം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി കെ.രാജന് പറഞ്ഞു.
പുനരധിവാസത്തിന് സ്ഥലം നല്കാന് സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളില്‍ സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങള്‍ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോര്‍ട്ട് ലഭിച്ച ഒമ്പത് പ്ലാന്റേഷനുകളില്‍ നിന്നും നെടുമ്പാല, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളില്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍.
ടൗണ്‍ഷിപ്പ് ആശയത്തിന് സര്‍വകക്ഷി യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാനാണ് ധാരണ.