വിദ്യാർഥികൾ ലഹരി ഉപയോഗത്തിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണം: മന്ത്രി രാജേഷ്
Friday, December 20, 2024 9:36 PM IST
തൃശൂർ: കേരളത്തിൽ ഒരു വിദ്യാർഥി പോലും പുതുതായി ലഹരി ഉപയോഗത്തിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ ഓരോരുത്തരും സജീവമായി സഹകരിക്കണമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്.
ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാത്രമല്ല, ഒരു പൗരനെന്ന നിലയിലും രക്ഷാകർത്താവെന്ന നിലയിലും എക്സൈസുകാർക്കു വലിയ ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ 2023 വർഷത്തെ എക്സൈസ് മെഡൽ വിതരണം സ്റ്റേറ്റ് എക്സൈസ് അക്കാദമിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
എക്സൈസ് വകുപ്പിൽ പ്രധാന തസ്തികകളിൽ നിലവിൽ ഒഴിവുകളുണ്ടെന്നും വകുപ്പിലെ സീനിയോറിറ്റി തർക്കങ്ങൾ പരിഹരിച്ച് ഉയർന്ന തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.
നിലവിൽ ഒന്‍പത് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരുടെയും അഞ്ച് അസി.എക്സൈസ് കമ്മീഷണർമാരുടെയും ഉൾപ്പടെ 150 ഓളം ഒഴിവുകളാണുള്ളതെന്നും മന്ത്രി വിശദീകരിച്ചു.
ചടങ്ങിൽ എക്സൈസ് കമ്മീഷണർ എഡിജിപി മഹിപാൽ യാദവ്, അക്കാഡമി ഡയറക്ടർ കെ.പ്രദീപ്കുമാർ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കൗണ്‍സിലർ സാറാമ്മ റോബ്സണ് എന്നിവർ പങ്കെടുത്തു.