കമാന്‍ഡോ പരിശീലനം വ്യക്തികേന്ദ്രീകൃത പീഡനം; ആഞ്ഞടിച്ച് കേരള പോലീസ് അസോസിയേഷന്
Friday, December 20, 2024 9:30 PM IST
കോഴിക്കോട്: വയനാട് സ്വദേശിയായ എസ്ഒജി കമാന്‍ഡോ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ കമാന്‍ഡോ പരിശീലനം വ്യക്തികേന്ദ്രീകൃത പീഡനമായി മാറുന്നുവെന്ന ഗുരുതര ആരോപണവുമായി കേരള പോലീസ് അസോസിയേഷന്.
ആത്മഹത്യാ വിഷയവുമായി ബന്ധപ്പെട്ട് കേരള പോലീസ് അസോസിയേഷന് ഇറക്കിയ പ്രമേയത്തിലാണ് ഗൗരവ പരാമര്‍ശങ്ങളുള്ളത്. മേലുദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതവും ക്രൂരവുമായ നടപടികള്‍ കീഴുദ്യോഗസ്ഥരില്‍ അടിച്ചേല്‍പ്പിച്ചതിന്റെ ബാക്കിപത്രമാണ് വിനീതിന്റെ ആത്മഹത്യ.
ഉന്നത ഉദ്യോഗസ്ഥരുടെ മനോനില അനുസരിച്ചാണ് കമാന്‍ഡോ പരിശീലനമെന്നും വ്യക്തികേന്ദ്രീകൃത പീഡനമായി ഇത് പലപ്പോഴും മാറുന്നുവെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു. ഇതിന് പരിഹാരമായി ഉപരിപ്ലവമായ നടപടികള്‍ മതിയാവില്ല. മുഴുവന്‍ ആരോപണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം.
തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള ജനാധിപത്യവേദിപോലും എസ്ഒജി കമാന്‍ഡോകള്‍ക്ക് നിഷേധിക്കപ്പെടുന്നത് അപമാനകരമാണ്. മലപ്പുറത്ത് അരീക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പിലെ ഹവില്‍ദാര്‍ സി. വിനീതിന്റെ ആത്മഹത്യ ദാരുണവും സമൂഹ മനഃസാക്ഷിയാകെ വേദനിപ്പിക്കുന്നതുമാണ്.
തൊഴില്‍ മേഖലയിലെ സമ്മര്‍ദത്തിന് അടിമപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്യുക എന്നത് അത്യന്തം അപകടകരമായ അരക്ഷിത ബോധം സേനയിലാകെ പടരുന്നതിന് കാരണമാകും. സവിശേഷമായ ശാരീരികവും മാനസികവുമായ ശേഷി പരിശീലനത്തിലൂടെ ആര്‍ജിച്ച ഒരു പോലീസ് കമാന്‍ഡോയുടെ ആത്മഹത്യയെ ലളിതമായ നിലയില്‍ നോക്കി കാണുന്നത് ആത്മഹത്യപരമായിരിക്കുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
അരീക്കോട് സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് ക്യാമ്പില്‍വച്ചാണ് വിനീത് കഴിഞ്ഞദിവസം സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. എസ്ഒജി ക്യാമ്പിലെ ട്രെയിനിംഗിനിടെ വയനാട് സ്വദേശിയായ സുനീഷ് 2021 സെപ്റ്റംബര്‍ 16ന് കുഴഞ്ഞുവീണു മരിച്ച സംഭവത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയതിന് വിനീതിനോട് അസിസ്റ്റൻഡ് കമാന്‍ഡന്റ് അജിത്തിന് വൈരാഗ്യം ഉണ്ടായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വിനീതിന്റെ സുഹൃത്തായിരുന്നു സുനീഷ്. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ടാണ് അജിത്തിനെതിരേ ആരോപണം ഉയര്‍ന്നത്.