ഐഎഫ്എഫ്കെയ്ക്ക് കൊടിയിറങ്ങി; ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം
Friday, December 20, 2024 7:48 PM IST
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് കൊടിയിറങ്ങി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി.
സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. മികച്ച നവാഗത സംവിധായികയ്ക്കുള്ള കെ.ആർ. മോഹനൻ പുരസ്കാരം ഇന്ദുലക്ഷ്മിക്ക് (ചിത്രം - അപ്പുറം) ലഭിച്ചു.
മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം ഫെമിനിച്ചി ഫാത്തിമ (സംവിധായകൻ-ഫാസിൽ മുഹമ്മദ്) ലഭിച്ചു. മികച്ച സിനിമയ്ക്കുള്ള സുവര്‍ണചകോരം പെഡ്രെ ഫ്രെയെര്‍ സംവിധാനം ചെയ്ത മലു സ്വന്തമാക്കി. സംവിധായകനും നിര്‍മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.
മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെൻ ചിത്രം ദ് ഹൈപ്പർബോറിയൻസ് സംവിധാനം ചെയ്ത ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും ലഭിച്ചു. സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്സാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഹര്‍ഷാദ് ഷാഷ്മിയാണ് മികച്ച സംവിധായകന്. ചിത്രം മി മറിയം: ദ് ചില്‍ഡ്രന്‍ ആൻഡ് 26 അദേഴ്സ്. പോളിങ്ങിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്കാരവും ഫാസിൽ മുഹമദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയ്ക്കാണ്.
മലയാളത്തിലെ മികച്ച നവാഗത ചിത്രം വിക്ടോറിയ ആണ്- സംവിധാനം ശിവരജ്ഞിനി. അനഘ രവിക്കും ചിന്മയ സിദ്ധിഖിക്കും മികച്ച പ്രകടനത്തിനുള്ള ജൂറി പരാമർശം ലഭിച്ചു.