ഷെഫീഖ് വധശ്രമക്കേസ്: ഷെരീഫിന് ഏഴ് വർഷം തടവ്, രണ്ടാനമ്മയ്ക്ക് പത്ത് വർഷം തടവ്
Friday, December 20, 2024 3:45 PM IST
കൊച്ചി: ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന് ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. അച്ഛൻ ഷെരീഫിന് ഏഴ് വർഷം തടവും രണ്ടാനമ്മ അനീഷയ്ക്ക് പത്ത് വർഷം തടവും ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു.
ഷെരീഫിന് 50,000 രൂപ പിഴയും കോടതി ചുമത്തി. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി കുറ്റകൃത്യത്തില്‍ വിധി പ്രസ്താവിക്കുന്നത്.
പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛൻ കുമളി ഒന്നാംമൈൽ പുത്തൻപുരയ്ക്കൽ ഷെരീഫും രണ്ടാനമ്മ അനീഷയും ചേർന്ന് കുട്ടിയെ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ഷെഫീഖ് വർഷങ്ങളായി അൽ അസ്ഹർ മെഡിക്കൽ കോളജിന്റെ സംരക്ഷണയിലാണുള്ളത്. രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്.
2021ലാണ് കേസിൽ വിചാരണ തുടങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിൽ വിചാരണ പൂർത്തിയായിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പോലീസ് വാദം പൂര്‍ത്തിയാക്കിയത്.