ആറ് വയസുകാരിയുടെ കൊലപാതകം; പ്രതി രണ്ടാനമ്മ മാത്രമെന്ന് പോലീസ്
Friday, December 20, 2024 1:48 PM IST
കൊച്ചി: കോതമംഗലത്ത് ആറ് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാനമ്മ അനീഷ മാത്രമാണ് പ്രതിയെന്ന് പോലീസ്. കുട്ടിയുടെ പിതാവ് അജാസ് ഖാന് കൊലപാതകത്തിൽ പങ്കില്ലാത്തതിനാൽ ഇയാളെ വിട്ടയച്ചു.
വ്യാഴാഴ്ച രാവിലെയാണ് നെല്ലിക്കുഴിയിലെ വീട്ടിൽ ആറു വയസുകാരിയായ മുസ്ഖാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
അനീഷയ്ക്ക് അജാസ് ഖാനുമായുള്ള ബന്ധത്തിൽ രണ്ട് വയസുള്ള ഒരു കുട്ടിയുണ്ട്. നിലവിൽ അനീഷ ഗർഭിണിയുമാണ്. ഈ കുട്ടികൾക്ക് ഭാവിയിൽ ആറു വയസുകാരി പ്രശ്നമായി മാറുമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ അജാസ് ഖാൻ ജോലിക്കായി പോയിരുന്നു. പിന്നാലെയാണ് അനീഷ കുട്ടിയെ കൊലപ്പെടുത്തിയത്.