തൊണ്ടിമുതൽ കേസ്: ആന്റണി രാജു കോടതിയിൽ ഹാജരായി; കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി
Friday, December 20, 2024 1:03 PM IST
തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു കോടതിയിൽ ഹാജരായി. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് ആന്റണി രാജു ഹാജരായത്.
കേസിന്റെ വിചാരണ പുനരാരംഭിക്കാൻ സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് കോടതി കേസ് പരിഗണിച്ചത്. കേസിലെ ഒന്നാം പ്രതി മുൻ കോടതി ക്ലർക്ക് കെ.എസ്. ജോസും ഇന്ന് കോടതിയിൽ ഹാജരായി.
എംപിമാരും എംഎൽഎമാരും പ്രതികളായ കേസുകൾ വിചാരണ നടത്താൻ പ്രത്യേക കോടതികൾ ഉണ്ടെന്ന കാര്യം ആൻറണി രാജുവിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തെപ്പറ്റി സുപ്രീംകോടതി വിധികൾ ഉണ്ടെന്നും അഭിഭാഷകൻ സൂചിപ്പിച്ചു. ഇത് വ്യക്തമാക്കി ഹർജി സമർപ്പിക്കാൻ കോടതി നിർദേശിച്ചു. തുടർന്നാണ് കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.
കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കോടതി പരാമർശിച്ചു. കഴിഞ്ഞ 18 വർഷമായി കേസിൽ തുടർനീക്കങ്ങൾ ഉണ്ടായിരുന്നില്ല.
1990ല്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ അന്ന് ജൂണിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. ലഹരിമരുന്ന് കടത്തിയ അടിവസ്ത്രം കോടതിയില്‍നിന്നെടുത്ത് വെട്ടിതയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം തിരികെവച്ചെന്നാണ് കുറ്റപത്രം.
തൊണ്ടി സെക്ഷന്‍ ക്ലര്‍ക്ക് കെ.എസ്. ജോസ് കൂട്ടുപ്രതിയാണ്. 1994ല്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. 2006ല്‍ ആന്റണി രാജുവിനെതിരെ കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ നടന്നില്ല.
2023 മാര്‍ച്ച് 10ന് വീണ്ടും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പുനരന്വേഷണത്തിനെതിരെ ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ പുനരന്വേഷണത്തിനെതിരായ ആന്റണി രാജുവിന്റെ അപ്പീല്‍ തള്ളിയ കോടതി ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.