ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
Friday, December 20, 2024 11:25 AM IST
ന്യൂഡൽഹി: ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മറ്റ് നടപടികളിലേക്ക് കടക്കാതെയാണ് ലോക്സഭ സമ്മേളനം പിരിഞ്ഞത്. ഇന്ന് സഭ നടപടികൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ അംബേദ്കർ വിഷയം ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു.
അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലുകൾ വിശദമായി പഠിക്കുന്ന ജെപിസി രൂപീകരിക്കാനുള്ള പ്രമേയം ലോക്സഭ പാസാക്കി. നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ജെപിസി രൂപീകരിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. 27 പേരാണ് ലോക്സഭയിൽനിന്നു ജെപിസിയിൽ ഉണ്ടായിരിക്കുക. ഇതിനു പിന്നാലെയാണ് സഭ പിരിഞ്ഞത്.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയെ മുദ്രാവാക്യ വിളികളോടെ ബിജെപി എംപിമാർ സ്വീകരിച്ചതോടെ പ്രതിപക്ഷ എംപിമാർ ജയ് ഭീം മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
ഇന്ന് രാവിലെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധമാണ് പാർലമെന്റിന്റെ പുറത്ത് അരങ്ങേറിയത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വിജയ് ചൗക്കിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ പ്രതിഷേധിച്ചിരുന്നു. പിന്നീട് ഇവിടെനിന്നും പാർലമെന്റിലേക്ക് സഖ്യം മാർച്ച് സംഘടിപ്പിച്ചു.