അംബേദ്കർ, രാഹുൽ വിഷയങ്ങളിൽ കടുപ്പിച്ച് പ്രതിപക്ഷം; വിജയ് ചൗക്കിൽ ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം
Friday, December 20, 2024 10:39 AM IST
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അംബേദ്കറെ അപമാനിച്ച വിഷയത്തിലും പാർലമെന്റിലുണ്ടായ കൈയാങ്കളിയിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാ സഖ്യം. ഈ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും കോണ്ഗ്രസ് നോട്ടീസ് നൽകി.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വിജയ് ചൗക്കിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ പ്രതിഷേധിക്കുകയാണ്. ഇവിടെ നിന്നും പാർലമെന്റിലേക്ക് പോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
പാർലമെന്റിലുണ്ടായ സംഘർഷത്തിൽ ബിജെപി നൽകിയ പരാതിയിൽ മാത്രമാണ് പോലീസ് കേസെടുത്തതെന്ന് കോണ്ഗ്രസ് ആരോപിച്ചു. കോണ്ഗ്രസ് നൽകിയ പരാതിയിൽ കേസെടുത്തില്ലെന്നും രാഹുൽ ഗാന്ധിക്കെതിരെ കള്ളക്കേസ് എടുത്തുവെന്നും കോണ്ഗ്രസ് ആരോപിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ പോലീസ് 26 കേസുകൾ എടുത്തിട്ടുണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഇനി എത്ര കേസ് രാഹുലിനെതിരെ എടുത്താലും അംബേദ്കറെ അപമാനിച്ചവർക്കെതിരെ മുന്നോട്ട് പോകുമെന്ന് കെ.സി പറഞ്ഞു.