ബംഗാൾ ഉൾക്കടലിൽ ശക്തിയേറിയ ന്യൂനമർദം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
Friday, December 20, 2024 6:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അഞ്ചുദിവസത്തെ മഴസാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
ഇന്ന് ആന്ധ്രാപ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ, വടക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ശനിയാഴ്ച മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേർന്ന തെക്കൻ ഒഡീഷ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതിചെയ്യുന്ന ശക്തികൂടിയ ന്യൂനമർദം അടുത്ത മണിക്കൂറുകൾക്കുള്ളിൽ വടക്കൻ തമിഴ്നാട്-തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിനു സമീപത്തേക്ക് നീങ്ങാനും തുടർന്ന് വടക്കു ദിശയിൽ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത.