മന്ദാനയും റിച്ചയും തകർത്തടിച്ചു; ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ
Thursday, December 19, 2024 9:29 PM IST
മുംബൈ: വനിതകളുടെ മൂന്നാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 217 റണ്‍സാണ് അടിച്ചെടുത്തത്.
സ്മൃതി മന്ദാന (47 പന്തില്‍ 77), റിച്ചാ ഘോഷ് (54) എന്നിവരുടെ അര്‍ധ സെഞ്ചുറികാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 18 പന്തിൽ അര്‍ധ സെഞ്ചുറി പൂർത്തിയാക്കിയ റിച്ചാ ഘോഷ് വേഗമേറിയ ഫിഫ്റ്റിക്ക് ഉടമയായി.
ജമീമ റോഡ്രിഗസ് (39), രാഘ്വി ബിഷ്ട് (30) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ ഓവറില്‍ തന്നെ ഉമ ഛേത്രിയുടെ (0) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. പിന്നീട് സ്മൃതി - ജമീമ സഖ്യം 98 റണ്‍സ് കൂട്ടിചേര്‍ത്തു. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്.
ജമീമ, അഫി ഫ്ളെച്ചറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്നെത്തിയ ബിസ്റ്റ്, മന്ദാനയ്ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്മൃതിയെ ദിയേന്ദ്ര ഡോട്ടിന് (77) മടക്കി. 47 പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒരു സിക്സും 13 ഫോറും നേടി.
തുടര്‍ന്നായിന്നു റിച്ചയുടെ വെടിക്കെട്ട്. ബിസ്റ്റിനൊപ്പം 80 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് റിച്ച മടങ്ങുന്നത്. 21 പന്തുകള്‍ മാത്രം നേരിട്ട താരം അഞ്ച് സിക്സും മൂന്ന് ഫോറും നേടി. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് റിച്ച മടങ്ങുന്നത്.