റോഡപകടങ്ങൾ തടയാൻ നിരത്തിലേക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ്
റെനീഷ് മാത്യു
Thursday, December 19, 2024 8:11 PM IST
കണ്ണൂർ: റോഡപകടങ്ങൾ തടയാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഒരു സ്ഥലത്ത് നാലുമണിക്കൂർ പരിശോധന നടത്തണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എച്ച്. നാഗരാജുവിന്റെ ഉത്തരവ്. നാലുമണിക്കൂറിനു ശേഷം മാത്രമേ അടുത്ത നാലുമണിക്കൂർ മറ്റൊരു സ്ഥലത്ത് പരിശോധന നടത്താൻ പാടുള്ളൂ. പ്രധാനപ്പെട്ട റോഡുകളിലെല്ലാം എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും കമ്മീഷണർ ഉത്തരവിട്ടു.
ഡിസംബർ 31ന് രാത്രി എട്ടുമുതൽ ഒന്നിന് പുലർച്ചെ ഒന്നുവരെ ഒരു ജില്ലയിൽ എൻഫോഴ്സ്മെന്റിന്റെ അഞ്ച് സ്ക്വാഡുകൾ പരിശോധനയ്ക്ക് ഉണ്ടായിരിക്കണം. പുലർച്ചെ ഒന്നുമുതൽ ആറുവരെ ഒരു സ്ക്വാഡും ഉണ്ടാകണം.
ഓരോ താലൂക്കിലും എൻഫോഴ്സ്മെന്റ് സ്ക്വാഡിന് അതതു പരിധിയിലുള്ള ആർടി ഓഫീസ്, സബ് ആർഡി ഓഫീസ് എന്നിവടങ്ങളിലുള്ള ഉദ്യോഗസ്ഥരെ പരിശോധനയക്ക് ഉൾപ്പെടുത്താം. നന്പർ പ്ലേറ്റ് മറയ്ക്കുന്ന രീതിയിൽ വാഹനങ്ങളിൽ ഫോട്ടോയും മാലയും വച്ചാൽ കർശന നടപടിയെടുക്കാനും നിർദേശമുണ്ട്.
പരിശോധന നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങളുടെ റിപ്പോർട്ട് വെകിപ്പിക്കരുത്. എൻഫോഴ്സ്മെന്റ് സ്ക്വാഡിനുളള വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും പരിശോധനാ ഉപകരണങ്ങളുടെയും കുറവുകളെക്കുറിച്ച് വിവരം ശേഖരിക്കാനും നിർദേശമുണ്ട്.