അജിത്കുമാറിന്റെ സ്ഥാനക്കയറ്റം; ഉദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയെന്ന് സതീശന്
Thursday, December 19, 2024 5:28 PM IST
തിരുവനന്തപുരം: എഡിജിപി എം.ആര്. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഗുരുതര ആരോപണങ്ങളും അന്വേഷണവും നേരിടുന്ന അജിത്കുമാറിനു സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം, ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണെന്ന് സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഇപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അനധികൃത സ്വത്തു സമ്പാദനത്തിനുള്ള വിജിലന്‍സ് അന്വേഷണത്തിന് പുറമേ, തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കിയത്.
ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാതെ അന്വേഷണം പ്രഖ്യാപിച്ചതു, സ്ഥാനക്കയറ്റം നല്‍കുന്നതിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ കൗശലമായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായെന്നും സതീശന് പറഞ്ഞു.