ഓട്ടോയിൽ ക്ഷേത്രത്തിന്റെ മാതൃക; വാഹനം പിടിച്ചെടുത്ത് എംവിഡി
Thursday, December 19, 2024 3:45 PM IST
പത്തനംതിട്ട: ക്ഷേത്രത്തിന്റെ മാതൃക നിർമിച്ച ഓട്ടോറിക്ഷ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. ശബരിമല തീർഥാടകർ വന്ന ഓട്ടോറിക്ഷയാണ് എംവിഡി ഇലവുങ്കൽ വച്ച് പിടിച്ചെടുത്തത്. അപകടകരമായ തരത്തിൽ രൂപമാറ്റം വരുത്തിയതിനാണ് വാഹനം പിടിച്ചെടുത്തത്.
കൊല്ലം സ്വദേശികളായ ശബരിമല തീർഥാടകരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയിൽ കെട്ടിവച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളിൽ ഏറെ പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിലായിരുന്നു അലങ്കാരം.
ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നേരത്തെ ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം ഉണ്ടായിരുന്നു.