ശീതകാല സമ്മേളനം വെട്ടിച്ചുരുക്കാനായില്ല; പ്രതിഷേധത്തില്‍ മുങ്ങി ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു
Thursday, December 19, 2024 3:31 PM IST
ന്യൂഡല്‍ഹി: അംബേദ്കര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍. ഉച്ചകഴിഞ്ഞ് ലോക്സഭ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചു. ഇതോടെ സഭ അനിശ്ചിത കാലത്തേക്ക് പിരിയാനായില്ല.
അസാധാരണ പ്രതിഷേധത്തിന് പിന്നാലെ പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാൻ സ്പീക്കറുടെ ഓഫീസ് നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭാനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. രാവിലത്തെ അക്രമസംഭവങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം കുടുപ്പിച്ചതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.
അംബേദ്കർക്കെതിരായ പരാമർശത്തിൽ അമിത്ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. അംബേദ്കറെ സ്ഥിരമായി അധിക്ഷേപിക്കുന്നത് ഗാന്ധി കുടുംബമാണെന്ന് ആരോപിച്ച് ബിജെപി എംപിമാരും പ്രതിഷേധിച്ചു.
ഗാന്ധി കുടുംബം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റിന്റെ പ്രധാന കവാടത്തിൽ പ്രതിഷേധം ആരംഭിച്ചത്. ബിജെപിയുടെ പ്രതിഷേധം നടക്കുന്നതിനിടെ കോണ്‍ഗ്രസ് എംപിമാർ അംബേദ്കറുടെ ചിത്രം ഉൾപ്പെടെ പ്ലക്കാർഡുകളുമായി പാർലമെന്റ് വളപ്പിലെത്തി പ്രതിഷേധിച്ചു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലെത്തിയ കോണ്‍ഗ്രസ് എംപിമാർ ബിജെപി എംപിമാർക്ക് സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പിന്നീട് പാർലമെന്റിലേക്ക് പോകാനെത്തിയ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയും പ്രിയങ്ക ഗാന്ധിയെയും ബിജെപി എംപിമാർ കൈയേറ്റം ചെയ്തുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പാർലമെന്റിലേക്ക് കടക്കുന്നതിനിടെ രാഹുലിനെയും ഖാർഗെയും പ്രിയങ്കയെയും ബിജെപി എംപിമാർ തടയുകയും പിന്നീട് പിടിച്ചു തള്ളുകയുമായിരുന്നു. ഇതോടെ കോണ്‍ഗ്രസ്-ബിജെപി എംപിമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി.