രാഹുൽ തള്ളിയെന്ന് പ്രതാപ് സാരംഗി, തട്ടിക്കയറിയെന്ന് കൊന്യാക്; രാഹുലിനെ അപമാനിക്കാൻ നീക്കമെന്ന് പ്രിയങ്ക
Thursday, December 19, 2024 3:27 PM IST
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ രംഗത്ത്.
പാർലമെന്റ് വളപ്പിലെ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി തള്ളിയതായി ബിജെപി എംപി പ്രതാപ് സാരംഗി ആരോപിച്ചു. ഇടത് കണ്ണിന് സമീപം പരിക്കേറ്റ പ്രതാപ് സാരംഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരംഗിയെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
പാർലമെന്റ് കവാടത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുൽ മോശമായി പെരുമാറിയെന്ന് ഫാംഗ് നോൻ കൊന്യാകും പരാതി ഉന്നയിച്ചു. രാഹുൽ അകാരണമായി തട്ടിക്കയറി. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റെതെന്നും കൊന്യാക് പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയെ അപമാനിക്കാൻ ശ്രമിക്കുന്നതായി പ്രിയങ്ക ഗാന്ധി ആരോപിച്ചു. ബിജെപി എംപിമാർ രാഹുലിനെ കൈയേറ്റം ചെയ്തുവെന്നും പ്രിയങ്ക പറഞ്ഞു.
പാർലമെന്റ് കവാടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബിജെപി എംപിമാർ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്നും അതിനിടെയാണ് ഇത് സംഭവിച്ചതെന്നും രാഹുൽ പറഞ്ഞു.