ചോദ്യപേപ്പർ ചോർച്ച: കെഎസ്യു മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു
Thursday, December 19, 2024 3:00 PM IST
തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് കെഎസ്യു സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. ഓഫീസിന് മുന്നിൽ ബാരിക്കേഡ് മറികടന്നു മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.
കെഎസ്യു അധ്യക്ഷൻ അലോഷ്യസ് സേവ്യറാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. വിഷയത്തിൽ സർക്കാർ നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും പ്രൈവറ്റ് ട്യൂഷൻ മാഫിയ അധ്യാപകരുടെ പിന്തുണയോടെ പ്രവർത്തിക്കുകയാണെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു.
പ്രതിഷേധത്തിനിടെ പോലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തുംതള്ളും പിന്നീട് സംഘർഷത്തിലേക്ക് നയിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് വീണ്ടും സംഘർഷാവസ്ഥയുണ്ടായി. ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല. പിന്നീട് ഏഴുതവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.