കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസ്; പ്രതി ജോര്‍ജ് കുര്യന് കുറ്റക്കാരനെന്ന് കോടതി
Thursday, December 19, 2024 12:06 PM IST
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ജോര്‍ജ് കുര്യന് കുറ്റക്കാരനെന്ന് കോടതി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും.
കൊലപാതകം, ആയുധം കൈവശം വയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. 2022 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം.
കുടുംബവീടിനോട് ചേര്‍ന്ന് പിതാവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ 48 സെന്റ് സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മാതൃസഹോദരന്‍ മാത്യൂസിന്റെ മധ്യസ്ഥതയില്‍ തര്‍ക്കം പരിഹരിക്കാനാണ് രഞ്ജു കാഞ്ഞിരപ്പള്ളിയിലെ വീട്ടില്‍ എത്തിയത്.
ഇതിനിടെ രഞ്ജുവും ജോര്‍ജും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ജോര്‍ജ് തന്റെ കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ എടുത്ത് വെടിവയ്ക്കുകയുമായിരുന്നു. രഞ്ജു കുര്യൻ സംഭവസ്ഥലത്തു വച്ചും മാത്യൂസ് സ്കറിയ രണ്ടാം ദിനം ആശുപത്രിയിൽ വച്ചുമായിരുന്നു മരിച്ചത്.