കത്തി കാണിച്ച് 15 ലക്ഷം തട്ടി; ആദായനികുതി ഉദ്യോഗസ്ഥരും പോലീസുകാരനും അറസ്റ്റിൽ
Thursday, December 19, 2024 10:48 AM IST
ചെന്നൈ: യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ കവർന്ന കേസിൽ ആദായനികുതി ഉദ്യോഗസ്ഥരും പോലീസുകാരനും അറസ്റ്റിൽ.
ഓൾഡ് വാഷർമാൻപെട്ട് സ്വദേശി എച്ച്. മുഹമ്മദ് ഗൗസിന്റെ പരാതിയിൽ ആദായനികുതി ഇൻസ്പെക്ടർ ദാമോദരൻ, ഓഫീസർ പ്രദീപ്, സൂപ്രണ്ട് രഘു, ട്രിപ്ലിക്കേൻ സ്പെഷൽ സബ് ഇൻസ്പെക്ടർ രാജ സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
സുഹൃത്തിനു സിടി സ്കാൻ യന്ത്രം വാങ്ങാനുള്ള 20 ലക്ഷം രൂപയുമായി ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന ഗൗസിനെ രാജ തടയുകയും ബാഗ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇയാൾ അറിയിച്ചതനുസരിച്ച് എത്തിയ ആദായനികുതി ഉദ്യോഗസ്ഥർ ഗൗസിനെ കാറിൽ കയറ്റുകയും എഗ്മൂറിലെത്തിയപ്പോൾ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത് വഴിയിൽ ഇറക്കിവിടുകയുമായിരുന്നു.
20 ലക്ഷം രൂപ കൊള്ളയടിച്ചതായാണ് ഗൗസ് പരാതി നൽകിയത്.എന്നാൽ അഞ്ച് ലക്ഷം രൂപ മറ്റൊരാൾക്കു നൽകിയ ഗൗസ് ആ തുക കൂടി ഉൾപ്പെടുത്തി 20 ലക്ഷം നഷ്ടപ്പെട്ടെന്നു പരാതി നൽകുകയായിരുന്നെന്നും പോലീസ് കണ്ടെത്തി.