മുംബൈ ബോട്ടപകടത്തില്‍പെട്ടവരില്‍ മലയാളി കുടുംബവും; മാതാപിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരന്
Thursday, December 19, 2024 9:25 AM IST
മുംബൈ: വിനോദസഞ്ചാരബോട്ടിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികളെ കാണാതായതായി സംശയം. മാതാപിതാക്കളെ കാണാനില്ലെന്ന് അപകടത്തിൽനിന്ന് രക്ഷപെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറ് വയസുകാരൻ പോലീസിനോട് പറഞ്ഞു. യാത്രയിൽ മാതാപിതാക്കൾ ഒപ്പം ഉണ്ടായിരുന്നെന്നാണ് കുട്ടി അറിയിച്ചത്.
ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് നിലവിൽ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളിൽ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ്.
വിനോദ സഞ്ചാരികളുമായി പോയ ഫെറി ബോട്ട് നാവിക സേനയുടെ ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ 13 പേരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലിന് ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫന്റാ ഗുഹ സന്ദർശിക്കാൻ 110 പേരുമായി പോയ ബോട്ടാണ് അപകടത്തിൽപെട്ടത്.
മരിച്ചവരിൽ ഒരാൾ നാവിക സേന ഉദ്യോഗസ്ഥനാണെന്നും 99 പേരെ രക്ഷപ്പെടുത്തിയതായും തീരസംരക്ഷണ സേന അറിയിച്ചു. രക്ഷപെട്ടവരില്‍ ചിലര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് വ്യക്തമാക്കി.
യാത്രാ ബോട്ടിൽ നിയന്ത്രണം വിട്ടുവന്ന നേവി സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തിൽ ബോട്ട് മറിയുകയായിരുന്നു. ബോട്ട് ആടിയുലഞ്ഞപ്പോൾ യാത്രക്കാർ കൂട്ടമായി കടലിലേക്ക് എടുത്തുചാടിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.