മുറിഞ്ഞകൽ അപകടം: മരിച്ച നാലു പേരുടെയും സംസ്കാരം ഇന്ന്
Thursday, December 19, 2024 8:46 AM IST
പത്തനംതിട്ട: പിഎം റോഡിൽ കോന്നി മുറിഞ്ഞകല്ലിൽ കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ച നാലു പേരുടെയും സംസ്കാരം ഇന്നു മല്ലശേരി പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടക്കും. മല്ലശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന് (61), മകന് നിഖില്‍ (30), മരുമകള്‍ അനു(26), അനുവിന്റെ പിതാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി. ജോര്‍ജ് (56) എന്നിവരുടെ സംസ്കാരമാണ് ഇന്ന് 12.30ന് നടക്കുന്നത്.
മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങള്‍ ദേവാലയത്തിലെ ഒരു കുടുംബ കല്ലറയില്‍ അടക്കം ചെയ്യും. ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലായിരിക്കും സംസ്കരിക്കുക. ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്നു രാവിലെ പുറത്തെടുത്ത് വിലാപയാത്രയായി ഇരുഭവനങ്ങളിലും എത്തിക്കും.
ഭവനങ്ങളിൽ പൊതുദർശനത്തിന് സൗകര്യമുണ്ടാകില്ല. പ്രാർഥനകൾക്കുശേഷം കുടുംബാംഗങ്ങൾ വിട ചൊല്ലും. രാവിലെ എട്ടിന് പൂങ്കാവ് പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനം ആരംഭിക്കും. 11ന് പ്രാർഥനയ്ക്കുശേഷം മൃതദേഹങ്ങൾ മൊബൈൽ മോർച്ചറിയിൽനിന്നു പുറത്തെടുക്കും. 12ന് ദേവാലയത്തിനുള്ളിലെത്തിച്ച് ശുശ്രൂഷകൾ പൂർത്തീകരിക്കും. തുടർന്ന് സെമിത്തേരിയിലെത്തിച്ച് അവസാനഘട്ട പ്രാർഥനകൾ നടത്തി സംസ്കരിക്കും.
നവദന്പതികളായ നിഖിലും അനുവും മലേഷ്യൻ യാത്ര കഴിഞ്ഞ് മടങ്ങുന്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ഇരുവരുടെയും പിതാക്കന്മാരായ മത്തായി ഈപ്പനും ബിജുവും. വീട് എത്തുന്നതിന് ഏഴു കിലോമീറ്ററകലെയാണ് അപകടം ഉണ്ടായത്.
ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. മൂന്നുപേർ സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ അനു പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും അന്നു തന്നെ മരിച്ചു.
മല്ലശേരിയിലെ രണ്ട് കുടുംബങ്ങളിലായുണ്ടായ നഷ്ടം നാട് ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ന് നടക്കുന്ന സംസ്കാര ശുശ്രൂഷയ്ക്കുള്ള ക്രമീകരണം പൂങ്കാവ് ഇടവകയും പ്രദേശവാസികളും ചേർന്നാണ് നടത്തിയിരിക്കുന്നത്.