ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസ്; രണ്ടുപേർ കൂടി പിടിയിൽ
Wednesday, December 18, 2024 10:52 PM IST
കോഴിക്കോട്: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നബീൽ കമര്‍, വിഷ്ണു എന്നിവരെ കോഴിക്കോട്ടു നിന്നാണ് പോലീസ് പിടികൂടിയത്.
കേസിൽ നേരത്തെ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷാദ്, അഭിരാം എന്നിവർ അറസ്റ്റിലായിരുന്നു. ഇതോടെ നാല് പേരുൾപ്പെട്ട അക്രമി സംഘത്തിലെ എല്ലാവരും പിടിയിലായി. ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് അക്രമി സംഘം യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്.
പ്രതികള്‍ സഞ്ചരിച്ച കാര്‍ വയനാട് കണിയാമ്പറ്റയില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന് എന്ന ആദിവാസി യുവാവിനെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്.
കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. പരിക്കേറ്റ മാതൻ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.