പ്രതീക്ഷ സർക്കാരിൽ; വീണ്ടും ബസ് വാങ്ങാൻ കെഎസ്ആർടിസിയുടെ ശ്രമം
പ്രദീപ് ചാത്തന്നൂർ
Wednesday, December 18, 2024 8:15 PM IST
ചാത്തന്നൂർ: സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് വീണ്ടും ബസ് വാങ്ങാൻ കെഎസ്ആർടിസിയുടെ ശ്രമം. ഇത്തവണ പ്ലാൻ ഫണ്ടിൽ നിന്നും കെഎസ്ആർടിസിക്ക് കിട്ടാനുള്ള 63 കോടി രൂപ വിനിയോഗിച്ച് 230 ബസുകൾ വാങ്ങാനാണ് നീക്കം. ഇതിനുള്ള ടെൻഡർ നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞതായി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഓണക്കാലത്ത് 200 പുതിയ ബസുകൾ നിരത്തിലിറക്കാൻ വേണ്ടി കെഎസ്ആർടിസി ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. അന്നും സർക്കാരിൽ നിന്നും പ്ലാൻ ഫണ്ട് ഇനത്തിൽ 92 കോടി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നടപടികൾ പൂർത്തിയാക്കിയത്. സർക്കാരിൽ നിന്നും പണം കിട്ടാതെ വന്നതോടെ ടെൻഡർ നടപടികൾ റദ്ദ് ചെയ്യേണ്ടി വന്നു.
2016ന് ശേഷം കെഎസ്ആർടിസി ഒറ്റ പുതിയ ബസുകൾ പോലും വാങ്ങിയിട്ടില്ല. ആകെയുള്ള 5,300-ൽപ്പരം ബസുകളിൽ ഏറിയപങ്കും കാലഹരണപ്പെട്ടതാണ്. കെ.ബി. ഗണേഷ് കുമാർ ഗതാഗതവകുപ്പ് മന്ത്രിയായത് മുതൽ പുതിയ ബസുകൾ വാങ്ങാൻ ശ്രമം ആരംഭിച്ചതാണ്. പക്ഷേ, ഇതുവരെ കെഎസ് ആർടിസിക്ക് പുതിയ ബസ് എന്ന ആഗ്രഹം സാധിച്ചിട്ടില്ല.
ഗ്രാമീണ റോഡുകളിലും വീതികുറഞ്ഞ വളവുകളുള്ള റോഡുകളിലും സർവീസ് നടത്താൻ കഴിയുന്ന തരത്തിലുള്ള ബസുകൾ വാങ്ങാനാണ് നീക്കം. എട്ട് മീറ്റർ, 10 മീറ്റർ, 12 മീറ്റർ എന്നീ നീളമുള്ള ബസുകളാണ് വാങ്ങുന്നത്. ഇത്തരം ബസുകളിൽ ടിവി ഉൾപ്പെടെ എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉണ്ടായിരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
പഴക്കം ചെന്ന ഓർഡിനറി ബസുകൾ നിരത്തിൽ നിന്നും ഒഴിവാക്കി പകരം പുതിയ ബസുകൾ ഓടിക്കാനാണ് കോർപ്പറേഷന്റെ ശ്രമം. ഇത്തവണ 63 കോടി കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് വകുപ്പും മന്ത്രിയും. പുതിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ അടുത്ത മാസം പ്രസിദ്ധീകരിക്കും.