ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച സംഭവം: രണ്ട് പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന
പിടിയിലായ അഭിറാം, മുഹമ്മദ് അർഷാദ് (ഇടത്) പിടിയിലാകാനുള്ള പി.ടി.നബീൽ കമർ, കെ.വിഷ്ണു (വലത്)
Wednesday, December 18, 2024 7:42 PM IST
കോഴിക്കോട്: വയനാട്ടില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിൽപോയ രണ്ടുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരുവരും സംസ്ഥാനം വിട്ടതായാണ് സൂചന.
പനമരം സ്വദേശികളായ ടി.പി. നബീല്‍ കമര്‍ (25), കെ.വിഷ്ണു എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവര്‍ക്കുവേണ്ടി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. അറസ്റ്റിലായ പച്ചിലക്കാട് സ്വദേശികളായ അഭിറാം, മുഹമ്മദ് അര്‍ഷാദ് എന്നിവരെ ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പരിക്കേറ്റ കൂടല്‍ക്കടവ് സ്വദേശി മാതന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് മാതന് പ്രതികരിച്ചു. കൂടല്‍കടവ് പ്രദേശത്ത് ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഒരു മുന്‍ പരിചയവുമില്ലാത്തവരാണ് ആക്രമിച്ചതെന്നും ഈ സംഘം കൂടല്‍കടവിന് താഴ്ഭാഗത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും മാതന് പറഞ്ഞു. കാറിന്റെ ഡോറിന് ഉള്ളിലൂടെ കൈചേര്‍ത്ത് പിടിച്ച് തന്നെ റോഡിലുടെ വലിച്ചഴക്കുകയായിരുന്നുവെന്നാണ് മാതന് പോലീസിന് നല്കിയ മൊഴി.