എം.ആർ.അജിത് കുമാറിന് സ്ഥാനക്കയറ്റം; വിമർശനവുമായി പി.കെ.അബ്ദുറബ്
Wednesday, December 18, 2024 6:52 PM IST
തിരുവനന്തപുരം: എം.ആർ.അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ.അബ്ദുറബ്. ഏറെക്കാലം അജിത് കുമാർ ആ സ്ഥാനത്ത് ഉണ്ടാകില്ല. ആർഎസ്എസുമായി ചങ്ങാത്തമുള്ളയാൾക്ക് എൽഡിഎഫ് ഭരിക്കുന്ന കേരളത്തിൽ എഡിജിപിയായിരിക്കാൻ അവകാശമില്ല.
ഡിജിപിക്കു മുമ്പിൽ എ വച്ച് എഡിജിപിയായി നിങ്ങളങ്ങനെ വിലസേണ്ട. ആർഎസ്എസുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കാത്ത സ്ഥിതിക്ക് നിങ്ങൾ ഇനി എഡിജിപിയല്ല. വെറും ഡിജിപിയാണ്. എ ഇല്ലാത്ത വെറും ഡിജിപി. എൽഡിഎഫിനോടാണോ കളി!! നാന് ആണയിട്ടാല്‍ അത് നടന്ത് വിട്ടാർ... എന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
എം.ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റിയുടെ ശിപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.