സർക്കാരിന് തിരിച്ചടി; എട്ട് നഗരസഭകളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി
Wednesday, December 18, 2024 3:16 PM IST
കൊച്ചി: വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സർക്കാരിന് തിരിച്ചടി. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. ഇത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഒമ്പതിടത്തും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
പാനൂര്‍, കൊടുവള്ളി, ഫറോക്ക്, മുക്കം, മട്ടന്നൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം, നഗരസഭകളിലെയും കാസര്‍ഗോട്ടെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത്.
വാര്‍ഡ് വിഭജനത്തിനെതിരേ മുസ്ലീം ലീഗ് വാര്‍ഡ് കൗണ്‍സിലര്‍മാരാണ് കോടതിയെ സമീപിച്ചത്. 2011ല്‍ സെന്‍സസ് പൂര്‍ത്തിയാക്കിയ പ്രകാരം 2015ല്‍ ഇവിടെ വാര്‍ഡ് വിഭജനം നടന്നതാണ്. ഈ സാഹചര്യത്തില്‍ പുതിയ സെന്‍സസ് വരാതെ വീണ്ടും വാര്‍ഡ് വിഭജനം അംഗീകരിക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം.
പഴയ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് പുനര്‍വിഭജനം നടത്തുന്നത് സെന്‍സസ് നിയമത്തിന്റെയും കേരള മുനിസിപ്പല്‍ നിയമത്തിന്റെയും ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി.