വീട് നിർമാണത്തിനിടെ കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു
Wednesday, December 18, 2024 3:15 PM IST
കോഴിക്കോട്: വീട് നിര്‍മാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണ് തൊഴിലാളി മരിച്ചു. വടകര ഇരിങ്ങൽ സ്വദേശി ജയരാജ് ആണ് മരിച്ചത്.
കോഴിക്കോട് വടകര ചോറോട് ഇന്ന് ഉച്ചയ്ക്കാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ ഭിത്തി കെട്ടുന്നതിനിടയിൽ കാല് വഴുതി താഴെയുള്ള കിണറ്റിലേക്ക് ജയരാജ് വീഴുകയായിരുന്നു.
തട്ട് കെട്ടി അതിന് മുകളിൽ നിന്നുകൊണ്ടായിരുന്നു ജയരാജ് പുറത്തെ ഭിത്തി തേച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് കാല് വഴുതിയത്. ഭിത്തി തേയ്ക്കുന്നതിന്റെ തൊട്ടു താഴെ തന്നെയായിരുന്നു കിണറുണ്ടായിരുന്നത്.
സ്ഥലത്ത് പണിയെടുക്കുകയായിരുന്ന മറ്റ് തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. കിണറ്റിൽ നിന്ന് ജയരാജിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.