വിന്‍ഡീസ് മണ്ണില്‍ ട്വന്റി20 പരമ്പര വിജയം; ചരിത്രം കുറിച്ച് ബംഗ്ലാദേശ്
Wednesday, December 18, 2024 3:12 PM IST
കിംഗ്സ്ടൗൺ: വിന്‍ഡീസ് മണ്ണില്‍ ആദ്യമായി ട്വന്റി20 പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. കിംഗ്സ്ടൗൺ സെന്റ് വിൻസെന്റ്, അർണോസ് വെയിൽ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിൽ 27 റൺസിനാണ് സന്ദർശകരുടെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയും ടീം നേടി. നേരത്തെ, മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര വെസ്റ്റ് ഇന്‍ഡീസ് തൂത്തുവാരിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 130 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 18.3 ഓവറില്‍ 102 റണ്‍സിനു പുറത്തായി. 34 പന്തില്‍ 32 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് ആതിഥേയ നിരയിലെ ടോപ് സ്കോറര്‍. കൂടാതെ, 31 റൺസെടുത്ത അകീൽ ഹൊസൈനും 14 റൺസെടുത്ത ജോൺസൺ ചാൾസിനുമൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. നാലു ബാറ്റർമാർ പൂജ്യത്തിനു പുറത്തായി.
ബംഗ്ലാദേശിനു വേണ്ടി 16 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ടസ്കിൻ അഹമ്മദാണ് വിൻഡീസ് ബാറ്റിംഗ് നിരയെ വരിഞ്ഞുകെട്ടിയത്. മഹെദി ഹസൻ, തൻസിം ഹസൻ സാക്കിബ്, റിഷാദ് ഹൊസൈൻ എന്നിവർ രണ്ടുവിക്കറ്റ് വീതവും ഹസൻ മഹ്മൂദ് ഒരുവിക്കറ്റും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഷമീം ഹൊസൈൻ (35), മെഹിദി ഹസൻ മിറാസ് (26), ജാക്കർ അലി (21) എന്നിവരുടെ പ്രകടനത്തിലാണ് 129 റൺസ് സ്കോർ ചെയ്തത്. വിൻഡീസിനു വേണ്ടി ഗുഡാകേഷ് മോട്ടി രണ്ടും അകീൽ ഹൊസൈൻ, റോസ്റ്റൺ ചേസ്, അൽസാരി ജോസഫ്, ഒബെദ് മക്കോയ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.