ട്രാവിസ് ഹെഡിന് പരിക്കെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് താരം
Wednesday, December 18, 2024 2:22 PM IST
ബ്രിസ്ബേൻ: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ റൺവേട്ടക്കാരൻ ട്രാവിസ് ഹെഡിന് പരിക്കെന്ന് റിപ്പോർട്ടുകൾ. ബ്രിസ്ബേനിൽ ഇന്ന് അവസാനിച്ച മൂന്നാം ടെസ്റ്റിനിടെ അരക്കെട്ടിലാണ് ഹെഡിന് പരിക്കേറ്റത്.
13 പന്തുകൾ മാത്രം നീണ്ട ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ ഹെഡ് ഫീൽഡിംഗിന് ഇറങ്ങിയിരുന്നില്ല. രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിടെ ഹെഡ് വിക്കറ്റുകൾക്കിടെ ഓടുന്നതിനിടെ മുടന്തിയതും പരിക്കിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് പ്രേരകമായി. ഇതിനു പിന്നാലെ കമന്റേറ്റർ ബ്രെറ്റ് ലീയും താരത്തിന്റെ പരിക്കിനെക്കുറിച്ച് ആശങ്ക പങ്കുവച്ചിരുന്നു.
മത്സരത്തിനു ശേഷം ഹെഡിനു പരിക്കേറ്റെന്നു സൂചിപ്പിച്ച നായകൻ പാറ്റ് കമ്മിൻസ് മെൽബണിൽ ബോക്സിംഗ് ഡേ ടെസ്റ്റിൽ കളിക്കാൻ അദ്ദേഹത്തിനു കഴിയുമെന്നും പ്രതികരിച്ചു. എന്നാൽ, അടുത്ത രണ്ട് ടെസ്റ്റുകളും താരത്തിന് നഷ്ടമാകുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം, റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഹെഡ് തന്നെ രംഗത്തെത്തി. തനിക്ക് ചെറിയ വേദനയേ ഉള്ളൂ എന്നും അടുത്ത മത്സരത്തിനു മുമ്പ് പൂർണമായും ശാരീരികക്ഷമത വീണ്ടെടുക്കാനാകുമെന്നും താരം പ്രതികരിച്ചു.
പരമ്പരയിൽ മികച്ച ഫോമിലുള്ള ട്രാവിസ് ഹെഡാണ് ഓസീസ് ബാറ്റിംഗ് നിരയുടെ നെടുംതൂണ്. മൂന്നു മത്സരങ്ങളിൽ നിന്നായി 409 റൺസാണ് താരം അടിച്ചുകൂട്ടിയത്. ബ്രിസ്ബേനിൽ ആദ്യ ഇന്നിംഗ്സിൽ 152 റൺസും ഒരു വിക്കറ്റും നേടിയ ഹെഡ് കളിയിലെ താരമായിരുന്നു.