അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ കാട്ടാന; പാലപ്പിള്ളിയിൽ കടുവയും കാട്ടാനക്കൂട്ടവും
Wednesday, December 18, 2024 1:13 PM IST
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയും പാലപ്പിള്ളിയിൽ കടുവയും കാട്ടാനക്കൂട്ടവുമിറങ്ങി. ജനവാസമേഖലയിൽ വന്യമൃഗങ്ങൾ കാടിറങ്ങിയതോടെ ജനം ഭീതിയിൽ. അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി കാട്ടാനയെത്തി.
ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടാനയാണ് പോലീസ് സ്റ്റേഷൻ വളപ്പിലെത്തിയത്. എണ്ണപ്പനയിൽനിന്ന് പട്ട തിന്ന ആനയെ പോലീസുകാർതന്നെ ശബ്ദം വച്ച് കാട്ടിലേക്ക് കയറ്റിവിട്ടു. മുന്പും സ്റ്റേഷൻ വളപ്പിലേക്ക് കാട്ടാന വന്നിട്ടുണ്ട്.
അതേസമയം, പാലപ്പിള്ളിയിൽ ജനവാസമേഖലയിൽ രാത്രി കടുവയിറങ്ങി. കെഎഫ്ആർഐക്ക് സമീപമാണ് കടുവ വന്നത്. റോഡു മുറിച്ചു കടന്ന് കശുമാവിൻ തോട്ടത്തിലേക്ക് കടുവ ചാടിയതായി വഴിയാത്രക്കാർ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.
പാലപ്പിള്ളി പുലിക്കണ്ണിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനാശം വരുത്തുകയും ചെയ്തിട്ടുണ്ട്. വാഴകളും തെങ്ങുകളും കവുങ്ങും നശിപ്പിച്ചു. രാവിലെ ടാപ്പിംഗിനെത്തിയ തോട്ടം തൊഴിലാളികൾ പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.