ചാഞ്ചാടി സ്വർണം താഴേക്ക്; 57,000ന് മുകളില്‍ തന്നെ
Wednesday, December 18, 2024 1:01 PM IST
കൊച്ചി: സംസ്ഥാനത്ത് ഒരാഴ്ചത്തെ ചാഞ്ചാട്ടത്തിനൊടുവിൽ സ്വർണവില താഴേക്ക്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,080 രൂപയിലും ഗ്രാമിന് 7,135 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,890 രൂപയിലെത്തി.
വെള്ളിയാഴ്ച പവന് 440 രൂപയും ശനിയാഴ്ച പവന് 720 രൂപയും ഇടിഞ്ഞിരുന്നു. തുടർന്ന് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ചൊവ്വാഴ്ച പവന് 80 രൂപ ഉയർന്നിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്. 12ന് 58,280 രൂപയിലെത്തിയ സ്വർണം ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കും എത്തി.
ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് കേരളത്തിലും സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്. ചൊവ്വാഴ്ച ഔൺസിന് 2,650 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തരവില, ഇന്ന് 2,643 ഡോളറിലേക്ക് താഴ്ന്നു.
അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും മാറ്റം സംഭവിച്ചിട്ടില്ല. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 97 രൂപയാണ്.