അംബേദ്കറെ അപമാനിച്ചു; അമിത് ഷായ്ക്കെിരേ പാര്‍ലമെന്റ് വളപ്പില്‍ പ്രതിപക്ഷ പ്രതിഷേധം
Wednesday, December 18, 2024 12:31 PM IST
ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ആര്.അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. അംബേദ്കര്‍ ചിത്രങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് പ്രതിഷേധം.
കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തില്‍ ലോക്സഭ ഉച്ചയ്ക്ക് രണ്ട് വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന ചര്‍ച്ചക്ക് പാർലമെന്റിൽ മറുപടി നല്‍കുന്നതിനിടെയാണ് അമിത് ഷായുടെ പരാമർശം. അംബേദ്കറുടെ പേര് പറയുന്നത് കോൺഗ്രസിനിപ്പോൾ ഫാഷനായിട്ടുണ്ട്. ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നെന്ന് അമിത് ഷാ പറഞ്ഞിരുന്നു.